panelarrow

Thursday 4 February 2016

പര്യായ മഹോത്സവം - 2016


എൽ. ആർ. പോറ്റി, യമുന, തിരുവനന്തപുരം


ഉത്സവങ്ങളുടെ ഉത്സവമായ പര്യായ മഹോത്സവം, ഉഡുപിയിൽ 2016 ജനുവരി 18-ന്, ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മതാനഷ്ഠാനങ്ങളുടെ ഊഷ്മള വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അത്യാഡംബരപൂർവ്വം ആഘോഷിക്കപ്പെട്ടു.   രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗൽഭരായ വ്യക്തികൾ ഉൾപ്പടെ വലിയൊരു ജനാവലി ഇതിന് സാക്ഷ്യം വഹിച്ചു.  ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും വന്നെത്തിയ ഒരു മഹാസമുദ്രമായിരുന്നു ഉഡുപിയിൽ ജനുവരി 18-ന് കണ്ടത്.  വിവിധ ഭാഷകളും സംസ്കാരവും സ്വീകരിച്ചിട്ടുള്ള ജനങ്ങൾ പര്യായത്തെ യഥാർത്ത ദേശീയ ഉത്സവമാക്കി മാറ്റി.  ക്ഷേത്ര ദർശനത്തിനും അന്നദാന സദ്യക്കുമുള്ള ക്യൂ ക്ഷേത്ര പരിസരം വിട്ട് റോഡിലേക്ക് വരെ എത്തി നിന്ന കാഴ്ച കൗതുകകരമായി തോന്നി.  പൊരിവെയിലത്ത് അച്ചടക്കത്തോടെയായിരുന്നു ഈ നിൽപ്പ്.  ഒരു ലക്ഷം പേരെങ്കിലും അന്നദാന പരിപാടിയിൽ പങ്കെടുത്തു കാണുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  മുൻകാലങ്ങളിൽ നടന്നിട്ടുള്ള പര്യായങ്ങൾ കുറിച്ചിട്ടുള്ള എല്ലാ റിക്കോഡുകളെയും ഭേദിക്കുന്ന തരത്തിലുള്ളതായിരുന്നു ഇത്തവണത്തെ ആഘോഷ പരിപാടികൾ.  ഒരാഴ്ചയോളം ഉഡുപി നഗരം പര്യായ ലഹരിയിലായിരുന്നു.

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ ശ്രീകൃഷ്ണ വിഗ്രത്തെ ആരാധിക്കുന്നതിനും, മഠത്തിന്റെ ഭരണം നടത്തുന്നതിനുമുള്ള അധികാരവുംഅവകാശവും അഷ്ടമoത്തിലെ ഒരു സ്വാമിജിയിൽ നിന്നും മറ്റൊരു സ്വാമിജിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചടങ്ങാണ് പര്യായം.  രണ്ടു വർഷം ഒരു സ്വാമിജി എന്ന വ്യവസ്ഥ വന്ന ശേഷം അഞ്ചു പ്രാവശ്യം പര്യായ പീഠത്തിൽ സ്ഥാനാരോഹണം നടത്തുവാനുളള മഹാഭാഗ്യം സിദ്ധിച്ച പ്രഥമ വ്യക്തിയാണ് പെജാവർ മഠാധിപതി ശ്രീ ശ്രീ വിശ്വേശ തീർത്ഥ സ്വാമിജി.  അദ്ദേഹം ജനുവരി 18 ന് രാവിലെ 5.40 ന് പുതിയ പര്യായ സ്വാമിജിയായി അധികാരമേറ്റെടുത്തു.

750 വർഷം പഴക്കമുള്ള ഉഡുപ്പി ക്ഷേത്രത്തിലെ ആരാധനാ മൂർത്തിക്ക് ചന്തം തുളുമ്പുന്ന ഒരു കൊച്ചു കുട്ടിയുടെ രൂപമാണുള്ളത്.  ശ്രീ മാധ്വാചാര്യർ പ്രതിഷ്ഠിച്ചിട്ടുള്ള ഈ വിഗ്രഹം ദ്വാരകയിൽ ശ്രീകൃഷ്ണ ഭഗവാൻ സ്വന്തം കൈകളാൽ സൃഷ്ടിച്ചതാണ് എന്ന് കരുതപ്പെടുന്നു.  അഷ്ടമoത്തിലെ സ്വാമിജിമാർ പതിനാറു വർഷത്തിലൊരിക്കൽ തങ്ങൾക്ക് ലഭിക്കുന്ന അവസരം വിനിയോഗിച്ച് രണ്ടു വർഷക്കാലം ശ്രീകൃഷ്ണ പൂജ നടത്തുന്നു.  1952, 1968, 1984, 2000 വർഷങ്ങളിലെ പര്യായങ്ങളിൽ സ്ഥാനാരോഹിതനായ പെജവാർ മഠ സ്വാമിജി 2016ൽ അഞ്ചാം പ്രാവശ്യവും ഈ സ്ഥാനലബ്ദിക്ക് പാത്രീഭൂതനാകുന്നു. ഇത് സ്വാമിജിയുടെ ആരാധകരെ ആഹ്ളാദഭരിതരാക്കുന്നു.

ഭാരതത്തിലുടനീളം സഞ്ചരിക്കുകയും വിവിധ ആത്മീയ - സാംസ്കാരിക സംഘടനകളുടെ ക്ഷണം സ്വീകരിച്ച് ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും, പ്രകൃതി ക്ഷോഭങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായ ഇടങ്ങളിലേക്ക് തന്റെ സഹായം എത്തിക്കുകയും, സമൂഹത്തിൽ അവഗണിക്കപ്പെടുകയും നിരാലംഭ രാകുകയും ചെയ്യുന്നവരെ സാന്ത്വനപ്പെടുത്തുകയും ചെയ്തു കൊണ്ട് 84 ാം വയസ്സിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന സ്വാമിജിക്ക് ഇന്ത്യയിലെവിടേയും ആരാധകരും ശിഷ്യരുമുണ്ട്.  അതു കൊണ്ടു തന്നെയാണ് ഇപ്രാവശ്യം പര്യായ മഹോത്സവത്തിന് ഇത്രയധികം ജനങ്ങൾ പങ്കെടുത്തത്.

പര്യായ പരിപാടികളുടെ ഭാഗമായി 18 ന് രാവിലെ 1.30 ന് 12 കിലോമീറ്റർ അകലെയുള്ള ദണ്ഡതീർത്ഥത്തിൽ സ്നാന കർമ്മങ്ങൾ നടത്തി കാവി നിറത്തിലുള്ള സിൽക്ക് സാരി ഷാൾ ഉടുത്ത്, ഞൊറിഞ്ഞെടുത്തിട്ടുള്ള സിൽക്ക് മുണ്ടാസ് തലയിൽ ധരിച്ച് 1.50 ന് സ്വാമിജി ജോഡ് കട്ടെയിൽ എത്തി.  3.15 ന് വർണ്ണശബളമായ ഘോഷയാത്ര ഇവിടെ നിന്നും ആരംഭിച്ചു.  നിരവധി ഫ്ളോട്ടുകളും, ടാബ്ളോകളും, വാദ്യമേളങ്ങളും, നാടൻ നൃത്ത രൂപങ്ങളും എല്ലാമെല്ലാമായി ഘോഷയാത്ര അത്യാകർഷകമായിരുന്നു.  ഭസ്മാസുര - മോഹിനിയാട്ടം, പാലാഴി മഥനം, കാളീയ മർദ്ദനം, ദശാവതാരം തുടങ്ങിയവയുടെ ടാബ്ളോകൾ, കർണ്ണാടക സർക്കാരിന്റെ തനിമ ഉൾക്കൊള്ളുന്ന ബാൻഡു മേളം, ചെണ്ട, പഞ്ചവാദ്യം, നാടോടി നൃത്തങ്ങളായ മറക്കലു ഹുലി, കരഗ ഡാൻസ്, കംഗിലു ഡാൻസ്, പൂത്തനി ഡാൻസ് എന്നിവ കാണികൾക്ക് ഹരം പകർന്നു.  വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കലാരൂപങ്ങളുമുണ്ടായിരുന്നു. കേരളത്തിനു വേണ്ടി കാവടിയും പഞ്ചവാദ്യവും അവതരിപ്പിക്കപ്പെട്ടു.

പെജാവർ മഠ സ്വാമിജിയേയും അഷ്ടമഠങ്ങളിലെ മറ്റു സ്വാമിജി മാരേയും വഹിച്ചുകൊണ്ടുള്ള പല്ലക്കുകൾ ഘോഷയാത്രയുടെ ഭാഗമായി നീങ്ങിക്കൊണ്ടിരുന്നത് ഭക്തി നിർഭരമായ ഒരന്തരീക്ഷത്തിന് കളമൊരുക്കി.  നഗരത്തിലെ പ്രധാന കെട്ടിടങ്ങളെല്ലാം ദീപാലങ്കാരത്തിൽ കുളിച്ചു നിന്നു.  റോഡിന്റെ രണ്ടു വശങ്ങളിലുമായി വമ്പിച്ച ജനാവലി തടിച്ചു കൂടിയിരുന്നു.  റോഡരികിൽ എവിടേയും ബാനറുകളും കൊടി തോരണങ്ങളും പ്ളക്കാർഡുകളും കാണാമായിരുന്നു.

ഘോഷയാത്ര 4:30 ന് കാർ സ്ട്രീറ്റിലേക്ക് പ്രവേശിച്ചു.  അവിടെ മറ്റു സ്വാമിജിമാർ പര്യായ സ്വാമിജിയെ സ്വീകരിച്ചു.  കാർ സ്ട്രീറ്റിൽ സ്വാമി ജിമാർക്ക് നടന്നു നീങ്ങുവാൻ വെള്ള പരവതാനി വിരിച്ചിരുന്നു.

കനകദാസ കിഡ്കിയിൽ കൂടി ശ്രീ കൃഷ്ണനെ ദർശിച്ച്, ചന്ദ്രമൗലേശ്വര ക്ഷേത്രത്തിലും, ആനന്ദേശ്വര ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി, കൃഷ്ണ മoത്തിന്റെ പ്രവേശന ദ്വാരത്തിലെത്തിയ ശ്രീ പെജാവർ മഠ സ്വാമിജിയെ സ്ഥാനമൊഴിയുന്ന കണിയൂർ മഠ സ്വാമിജി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.  ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച രണ്ടു സ്വാമിജിമാരും ഒന്നിച്ച് കൃഷ്ണനേയും ഹനുമാനേയും പ്രാർത്ഥിച്ചു.  തുടർന്ന് കണിയൂർ സ്വാമിജി തന്റെ പക്കലുള്ള അക്ഷയ പാത്രവും, ചട്ടുഗവും ശ്രീകോവിലിന്റെ താക്കോലും പെജാവർ സ്വാമിജിക്ക് സമർപ്പിച്ചു.  ഇത് അധികാര കൈമാറ്റത്തിന്റെ അടയാളമായി ചെയ്തതാണ്.  ശ്രീ മാധ്വാചാര്യരുടെ കാലത്തുള്ളതാണ് ഈ അക്ഷയപാത്രം.

തുടർന്ന് പെ ജാവർ മഠ സ്വാമിജിയുടെ സ്ഥനാരോഹണം നടന്നു.  വെളുപ്പിന് 5.40 നായിരുന്നു ഇത്.  സ്ഥാനാരോഹിതനായ സ്വാമിജിയെ മറ്റു സ്വാമിജിമാർ അഭിനന്ദിച്ചു.  6.20-ടു കൂടി എല്ലാ സ്വാമിജിമാരും പര്യായ ദർബാറിൽ തങ്ങൾക്ക് ഒരുക്കിയിരുന്ന പീഠങ്ങളിൽ ആസനസ്ഥരായി.  പ്രത്യേകം സജ്ജമാക്കിയ ആനന്ദതീർത്ഥ മണ്ഡപത്തിലായിരുന്നു പര്യായ ദർബാർ നടന്നത്.  5000-ൽപ്പരം പേർക്ക് ഇരിക്കാവുന്ന ഈ മണ്ഡപം ഇത്തവണത്തെ പര്യായത്തിനായി തയ്യാറാക്കിയതാണ്.

പര്യായത്തിന്റെ തലേ ദിവസമായ 17 -)o തീയതി മുതൽക്കു തന്നെ കാർ സ്ട്രീറ്റിൽ ജനബാഹുല്യം അനുഭവപ്പെട്ടു.  ശ്രീകൃഷ്ണ മഠവും അഷ്ട മoങ്ങളും ദീപാലങ്കാരത്തിൽ പ്രശോഭിതമായിരുന്നു.  ഉഡുപ്പി മൊത്തത്തിൽ ഉത്സവലഹരിയിലമർന്നിരുന്നു.  വിവിധങ്ങളായ കലാപരിപാടികൾ കാർ സ്ട്രീറ്റിൽ പലയിടങ്ങളിലായി അരങ്ങേറി.  പുത്തിഗ മഠത്തിനു സമീപം വലിയൊരു സ്റ്റേജിൽ രാത്രി മുഴുവനും വിവിധയിനത്തിലുള്ള നൃത്തങ്ങളും മറ്റു പരിപാടികളും നടന്നു.

മട്ടു ഗുള്ള, വെള്ളരിക്ക, മത്തങ്ങ, ചേന തുടങ്ങിയ മലക്കറികളും അരി, തേങ്ങ എന്നിവയും ശേഖരിച്ചു വച്ചിരുന്നിടത്തു പോലും കാഴ്ചക്കാർ വലിയ തോതിൽ തടിച്ചു കൂടി നിൽക്കുന്നണ്ടായിരുന്നു.  വളരെ ആകർഷണീയമായ രീതിയിലായിരുന്നു ഇവ സംഭരിച്ചു സൂക്ഷിച്ചു വച്ചിരുന്നത്.  ഭക്ഷണം തയ്യാറാക്കാനും, വിളമ്പാനുമായി നൂറുകണക്കിനു പ്രവർത്തകർ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

പര്യായത്തിനും മധ്യാന പൂജക്കും ശേഷം കൃഷ്ണമoത്തിൽ ഒഴിഞ്ഞു കിടന്ന ഹാളുകളും മുറികളുമെല്ലാം ഊട്ടുപുരകളായി മാറിക്കൊണ്ടിരുന്നു.  എല്ലായിടത്തും ഭക്ഷണ വിതരണം നടത്തിയിട്ടും തിരക്കവസാനിക്കാത്ത അവസ്ഥയായിരുന്നു.  പ്രസാദ സങ്കൽപ്പത്തിലുള്ള ഭക്ഷണത്തിനായുള്ള ജനങ്ങളുടെ പരക്കം പാച്ചിൽ വൈകുന്നേരം വരെയും തുടർന്നു കൊണ്ടേയിരുന്നു.  ക്ഷേത്രാങ്കണത്തിനു പുറത്തും ഭക്ഷണ വിതരണം നടന്നു കൊണ്ടിരുന്നു.  പര്യായ സദ്യക്കായി മലക്കറികളും, അരിയും, തേങ്ങയും, പലവ്യഞ്ജന സാധനങ്ങളും സംഭാവനയായി ലഭിച്ചത് കണക്കുകൾക്ക് വഴങ്ങാത്ത രീതിയിലായിരുന്നു.  തേങ്ങ മാത്രം ഒരു ലക്ഷം വന്നെത്തി എന്ന് ശ്രീ ഹെഗ്‌ഡേ തന്നെ വെളിപ്പെടുത്തി. 

സർവ്വജ്ഞപീഠം കയറിയ ശേഷം സ്വാമിജി നടത്തിയ പ്രഭാഷണം ഹൃദ്യവും ആശയ സമ്പന്നവുമായിരുന്നു.  "ദൈവത്തെ ആരാധിക്കുന്നത് ഓരോരുത്തരുടേയും അവകാശമാണ്.  സമൂഹത്തോട് പൊതുവേയും, താഴെത്തട്ടിലുള്ളവരോട് പ്രത്യേകിച്ചും തനിക്കുള്ള ചുമതലയെപ്പറ്റി ഓരോ വ്യക്തിയും തിരിച്ചറിയണം.  വർഗ്ഗ, ജാതി, മതങ്ങൾക്കപ്പുറം മനുഷ്യനെ സേവിക്കുക എന്നത് ഈശ്വര സേവയായി കരുതണം."  തന്റെ പര്യായ കാലത്തെ പരിപാടികൾ സ്വാമിജി പ്രഖ്യാപിച്ചു.  മാധ്വാചാര്യരുടെ ജന്മസ്ഥലമായ പജക്കെയിൽ ഒരു റസിഡൻഷ്യൽ സ്കൂൾ നിർമ്മിക്കും.  അവിടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്ക് ഒന്നിച്ചു പരിശീലനം നൽകും.  ശ്രീകൃഷ്ണ ഭഗവാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന വൃക്ഷങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്ന പച്ച നിറത്തിലുള്ള ഭൂപ്രദേശമായി ഉഡുപ്പിയെ മാറ്റിയെടുക്കും.  അതിനായി ധാരാളം ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കും.  ഭക്തജനങ്ങൾക്ക് വൃക്ഷത്തൈകൾ നൽകും.  പര്യായ കാലത്ത് നഗരത്തെ ലഹരി വിമുക്തമാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും.

മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി എൽ. കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ അനന്ത് കുമാർ, ഉമാ ഭാരതി, സദാനന്ദ ഗൗഡെ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സംസ്ഥാന മന്ത്രിമാരായ ദേശ്പാണ്ഡെ, എസ്. കെ. പാട്ടീൽ, അഭയ ചന്ദ്ര ജയിൻ, വിനയ കുമാർ, മുൻ മുഖ്യമന്ത്രി യദിയൂരപ്പ, വീരപ്പ മൊയ്ലി, പനീർ ശെൽവം, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങി വി.ഐ.പി. മാരുടെ വലിയൊരു നിര ദർബാറിൽ കണ്ടു. 

പര്യായത്തിന്റെ തലേ ദിവസം തുടങ്ങി പര്യായ ചടങ്ങ് തീരും വരെ ജലപാനം പോലും ഇല്ലാതെയാണ് സ്വാമിജി പ്രവർത്തിച്ചു കൊണ്ടിരുന്നത്‌. സ്വാമിജിയെ ക്ഷീണിതനായി കണ്ടില്ല, മാത്രവുമല്ല, പര്യായ ദിവസം ഉച്ചക്കുശേഷം തന്നെ കാണാനെത്തിയവരുമായി സൗഹൃദത്തോടു കൂടി സംസാരിക്കുവാൻ സ്വാമിജിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് മുമ്പ് സ്വാമിജിയുടെ ദർശനം തേടുവാൻ തിരക്കിനിടയിൽ കൂടി ഞാനും ശ്രമിച്ചു.  സ്വാമിജി തിരുവനന്തപുരത്തു നിന്നും വന്നവരെക്കുറിച്ച് എന്നോട് ചോദിച്ച് മനസ്സിലാക്കി.  അവർക്ക് ലഭിച്ച സൗകര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു.  പ്രസാദം നൽകി എന്നെ ആശീർവദിക്കുകയും ചെയ്തു.

0 comments:

Post a Comment

Note: only a member of this blog may post a comment.

ANJANEYA TEMPLE NOTICE BOARD

21/4/2016 വ്യാഴം കൂട്ട സത്യനാരായണ പൂജ

Popular Posts

Recent Posts

Powered by Blogger.

Copyright © MTBS Trivandrum Unit | Powered by Blogger
Design by AnarielDesign | Blogger Theme by NewBloggerThemes.com